കൂടുതല്‍ ധനികര്‍ അടങ്ങിയ, പ്രായമേറിയ, വിദ്യാഭ്യാസം കുറഞ്ഞ നിയമസഭയായി ഏഴാമത്തെ ഡല്‍ഹി നിയമസഭ. 2015ല്‍ 44 കോടീശ്വരന്‍മാരെ നിയമസഭയില്‍ എത്തിച്ച ഡല്‍ഹിയില്‍ ഇക്കുറി ഇത് 52 ആയി ഉയര്‍ന്നു. ഡല്‍ഹി ഇലക്ഷന്‍ വാച്ചും, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 70 പുതിയ എംഎല്‍എമാരുടെയും, തെരഞ്ഞെടുപ്പ് പത്രികയിലെ സത്യവാങ്മൂലം പരിശോധിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ശരാശരി ഡല്‍ഹി എംഎല്‍എയുടെ വരുമാനം 14.3 കോടി രൂപയാണ്. 2015ല്‍ 6.3 കോടി ആയിരുന്നിടത്താണ് ഈ കുതിച്ചുചാട്ടം. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ട്. ഇത്തരം 45 എംഎല്‍എമാരുടെ ആസ്തി 2015ല്‍ 7.9 കോടി എന്നത് 2020 ആയപ്പോള്‍ 8.9 കോടിയായി ഉയര്‍ന്നു. രണ്ട് എംഎല്‍എമാരുടെ വമ്പന്‍ ആസ്തിയാണ് ശരാശരി ഉയരാന്‍ പ്രധാന കാരണം. ആം ആദ്മിയുടെ മുണ്ട്ക എംഎല്‍എ ധര്‍മ്മപാല്‍ ലക്ര 292.21 കോടിയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത് ലക്രയാണ്. നിയമസഭയിലെ ഏറ്റവും ധനികരായ അഞ്ച് എംഎല്‍എമാരും ആം ആദ്മിക്കാരാണ്. 52 കോടീശ്വര എംല്‍എമാരില്‍ 45 പേര്‍ ആപ്പില്‍ നിന്നും, 7 പേര്‍ ബിജെപിക്കാരുമാണ്. ഏകപക്ഷീയ വിജയം ചൂടിയ ആം ആദ്മിയിലാണ് അഞ്ച് പാവപ്പെട്ട എംഎല്‍എമാരും വിജയിച്ചത്. എഎപിയുടെ രാഖി ബിദ്ലാനാണ് ഏറ്റവും പാവപ്പെട്ട എംഎല്‍എ. വെറും 76,421 രൂപയാണ് ഇവരുടെ ആസ്തി. Stay Updated with our youtube Channel :
0 Comments